Friday 12 May 2017

Team Ziventure @ Kattullamala |കാറ്റുള്ളമല| Kattullamala Trip| Ziventure Technologies Office Tour

കാറ്റുള്ളമല... പേരിൽ തന്നെ കാറ്റടിക്കുന്ന ഈ സ്ഥലത്തേയ്ക്ക് ഞങ്ങളൊരു യാത്ര നടത്തി, കൂട്ടത്തിലെ വായാടിപ്പെണ്ണിന്റെ, ഞങ്ങളുടെ എഴുത്തുകാരീടെ വീട്ടിലേക്ക്. വീട്ടുകാരെ മാത്രം ഉപദ്രവിക്കാൻ ഉദ്ദേശിച്ചാരംഭിച്ച യാത്ര, ഒരു നാടിന്റെ തന്നെ വിഷയമായ കഥയാണ് ഈ ബ്ലോഗ്, ഒരു മല കയറിയതിന്റെ കഥ.


സഹപ്രവർത്തകരിൽ നിന്ന് സഹയാത്രികരിലേക്കുള്ള പ്ലാനിംഗിന് സിവഞ്ച്വർ ( http://ziventure.com/ ) ടെക്‌നോളജിയോടൊപ്പം തന്നെ പഴക്കമുണ്ട്. പ്ലാൻ ചെയ്തതനുസരിച്ചാണെങ്കിൽ ഒരു പത്തിരുപത് യാത്രകളെങ്കിലും ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാവും. പക്ഷേ ട്രോളുകളിൽ കാണാറുള്ളത് പോലെ, നാക്കിനൊപ്പം സഞ്ചരിക്കാൻ കാലിന് കഴിയാതെ വരുമ്പോൾ, ഞങ്ങളത് മറക്കാറാണ്‌ പതിവ്. ഇത്തവണ പക്ഷേ രണ്ടും കൽപ്പിച്ചായിരുന്നു. അമ്മാവന്റെ കാലുപിടിച്ച് തസ്‌നീം ഒരു ജിപ്‌സി ഒപ്പിച്ചു. സമയത്തും കാലത്തും ഒരോരുത്തരെ കുത്തിപ്പൊക്കുന്ന പണി സംഘത്തലവൻ നിതിനേട്ടന്. പുള്ളി പണ്ടേ പെർഫക്ടാ. ഓഫീസ് ടൈമിനേക്കാൾ മുമ്പ് എല്ലാവരും കോഴിക്കോടെത്തി, പെൺപ്രജകളൊഴിച്ച്. അവരെ കാറ്റുള്ളമലയുടെ കീഴിൽ നിന്ന് പൊക്കാം എന്നാണ് ഡീൽ.


The gentlemen on board. An on-road click
നൊസ്റ്റാൾജിയയുടെ 
ഒന്നാം കാണ്ഡം

കമ്പനിയുടെ തറവാട് മുറ്റത്തു നിന്നും യാത്ര ആരംഭിക്കുമ്പോൾ സമയം 8 മണിയോടടത്തു. തുടക്ക ത്തിന്റെ മന്ദിപ്പൊക്കെ വേഗം തന്നെ മാറി. ഞങ്ങളുടെ വെള്ളക്കുതിര യുടെ കുതിപ്പിനൊപ്പം ഒത്തിരി പഴയതല്ലാത്ത കോളേജ് ലൈഫിന്റെ ഓർമകളും ചോദിക്ക്വേം പറയ്വേം ചെയ്യാതെ കടന്നു വന്നു. ഒരേ തൂവൽ പക്ഷികൾക്കൊപ്പമുള്ള ഈ യാത്രയ്ക്ക് ശരിക്കും ആ പഴയ കാലത്തിന്റെ മണവും നിറവുമുണ്ടായിരുന്നു. അങ്ങനെ ഒടുക്കത്തെ നൊസ്‌ററാൾജിക് മൂഡിൽ ഇരിക്കുമ്പോളാണ് ഞങ്ങളത് കണ്ടത്. ഒരു കാറ് തെങ്ങുകയറുന്നു. സത്യം..! അതോ ഇനി തെങ്ങിനെ ചാരി നിൽക്കുന്നതാണോ, എന്തായാലും ഇങ്ങനൊരു കാഴ്ച ആദ്യമായിട്ടാ. ഫോട്ടോ എടുക്കണംന്നും കൂടെയില്ലാത്തവർക്ക് കാണിച്ചു കൊടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പെരുമാറാൻ സാധ്യത യുള്ളതു കൊണ്ട് ആ പൂതി മുളയിലേ നുള്ളി.
അങ്ങനെ കുമാരസ്വാമിയും കാക്കൂരും ബാലുശ്ശേരിയുമെല്ലാം കഴിഞ്ഞ് ഞങ്ങടെ കുതിര കുതിക്കുകയാണ് സൂർത്തുക്കളേ, കുതിക്കുകയാണ്. ഇനിയാണ് വെറുപ്പിക്കലിന്റെ രണ്ടാം കാണ്ഡം. രഞ്ജു ചേച്ചീനേം ബുഷ്‌റയേയും കാത്ത് പോസ്റ്റടിച്ചത് ഒരു മണിക്കൂറൊന്നുമല്ല. ഫോട്ടോ ഷൂട്ട്, ശിൽപ്പേടെ പപ്പയ്ക്കും മമ്മിക്കുമുള്ള വിവാഹ വാർഷിക സമ്മാനം എന്നിങ്ങനെ ഉള്ളതും ഇല്ലാത്തതുമായ കാരണങ്ങളെ കൂട്ടുപിടിച്ച് ഞങ്ങൾ കൂരാച്ചുണ്ടും പരിസരങ്ങളും കറങ്ങി സമയം കൊന്നു. ഒടുവിൽ 11.30 യോടെ അവരെത്തി. ഭൂലോകത്തിൽ നിലവിലുള്ള എല്ലാ മധുരവാക്കുകളും അവർക്ക് സമ്മാനിച്ച് ഞങ്ങൾ കാറ്റുള്ളമല കയറിത്തുടങ്ങി.

This is where the hill begins. A click while waiting for our ladies
മഹാകാണ്ഡം - മലകയറ്റം

പേരുപോലെത്തന്നെ നല്ല ഒന്നാന്തരം മല. പക്ഷേ ഞങ്ങളുടെ ജിപ്‌സിയുണ്ടോ വിടുന്നു, ആശാൻ കുതിച്ചു കയറി, ഇടയ്ക്ക് കിത യ്ക്കുന്നുമുണ്ട്, സ്വാഭാവികം. പക്ഷേ, ഓട്ടത്തിനിടെ വലിയ കയറ്റങ്ങളെത്തിയപ്പോ ഞങ്ങടെ ജിപ്‌സി പണിമുടക്കി പിന്നോട്ടോടാൻ തുടങ്ങി. വൈകി വന്ന തിന് ശിക്ഷയായി രഞ്ജു ചേച്ചീനേം ബുഷ്‌റേനേം ആദ്യം ഇറക്കിവിട്ടു. കൂട്ടത്തിൽ പലരും ഇറങ്ങിയിട്ടും ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്നതല്ലാതെ ഒരടി മുന്നോട്ട് നീങ്ങാൻ വണ്ടി തയ്യാറല്ലാരുന്നു. തന്നെ നടന്നുകയറാൻ പോലും പറ്റാത്ത കാറ്റുള്ളമലയിലേക്ക് വണ്ടി കൂടി ഉന്തിക്കയറ്റേണ്ട ഗതികേടായപ്പോൾ ആശാനെ കാറ്റുകൊള്ളാൻ വിട്ടിട്ട് നടക്കാം എന്ന തീരുമാനത്തിലെത്തി ഞങ്ങൾ. 

An attempt to walk, Vyshakh in his thug outfit.
A few steps and already exhausted.Our ladies try walking
ചെറിയ സംഘങ്ങളായി മല കയറിത്തുടങ്ങിയപ്പോഴെ ഞങ്ങൾക്ക് മനസ്സിലായി, ഇത് ഒരു നടയ്ക്ക് പോകൂലാ..! പിന്നെ ഒന്നും നോക്കീലാ. കണ്ണും പൂട്ടി വിൽസൻ ചേട്ടനെ ഒറ്റ പിടുത്തം. ഒരു ജിപ്‌സിയും കുറേ പിള്ളേരും വീടിനു മുന്നിൽ കിടന്ന് മലയോട് ഗുസ്തി പിടിക്കുന്നത് കണ്ട് ദയ തോന്നി സഹായിക്കാൻ വന്ന 3-4 ചേട്ടന്മാരിലൊരാളാണ് വിൽസൺ ചേട്ടൻ. ഞങ്ങളെ സഹായിച്ചതും പോരാഞ്ഞിട്ട് നീണ്ടുനിവർന്നു കിടക്കുന്ന മല നോക്കി നെടുവീർപ്പിട്ട ഞങ്ങളെ വീട്ടിലേക്ക് വിളിച്ചു വെള്ളവും തന്ന വിൽസൻ ചേട്ടനും സഹധർമ്മിണിയ്ക്കും അങ്ങനെ തന്നെ വേണം. പുല്ലുചെത്തി, വണ്ടീം ഉന്തി ക്ഷീണിച്ച് കുളിക്കാൻ പോയ ചേട്ടനെ അതിനുപോലും സമ്മതിക്കാതെ ഞങ്ങൾ കയ്യോടെ പിടികൂടി.
ജിപ്‌സി ഉപേക്ഷിച്ച് നടക്കാൻ തുടങ്ങിയതറിഞ്ഞപ്പോഴേ ശിൽപ വിൽസൻ ചേട്ടന്റെ സേവനം ഓഫർ ചെയ്തിരുന്നു. ഏയ് വേണ്ട, കംപ്യൂട്ടറിന്റെ മുൻപിലല്ലേ സ്ഥിരം, വല്ലപ്പോഴുമൊക്കെ കുന്നുകയറി ശരീരത്തിന് ഒരു ഉണർവൊക്കെ ഉണ്ടാവട്ടെ, ഞങ്ങൾ നടന്നോളാം എന്ന് വീരവാദം മുഴക്കിയവരടക്കം ഒറ്റച്ചാട്ടത്തിന് വണ്ടിയിൽ കയറി. പിന്നെ വിൽസൻ ചേട്ടനും കുറേ കാറ്റുള്ളമല കഥകൾക്കുമൊപ്പം ശിൽപയുടെ വീട് വരെ. ഞങ്ങളെ അന്വേഷിച്ച് വഴിയിലേക്ക് വന്ന ശിൽപയെ കണ്ടതും ജീപ്പിൽ നിന്നിറങ്ങി ഒന്നു വണങ്ങി - സമ്മതിച്ചിരിക്കുന്നു, ഈ മല കയറിയിറങ്ങുന്നതിന്. പിന്നെ ഒന്നേ പറയാനുണ്ടായിരുന്നുള്ളു - ഞങ്ങളോടീ ചതി വേണ്ടിയിരുന്നില്ല. തിരിച്ചുപോകുമ്പോ കാണാമെന്ന ഉറപ്പിൽ വിൽസൻ ചേട്ടൻ പോയി. ഞങ്ങളുടെയീ സാഹസ്സങ്ങളൊക്കെ നേരത്തേ മനസ്സിൽ കണ്ട മമ്മി നല്ല നാടൻ മാമ്പഴ ജ്യൂസ് റെഡിയാക്കി വെച്ചിരുന്നു.  പിന്നെ ഒന്നും നോക്കീല, ദാഹത്തിനെ ആട്ടിയോടിച്ചു.
Entrance, to the wild yet charming beauty of nature. At "Paara"
സംഭവബഹുലമായ യാത്രാ വിവരണവും വിവാഹ വാർഷിക സമ്മാനവും കാറ്റുള്ളമലയുടെ സൗന്ദര്യവുമൊക്കെയായി പപ്പയ്‌ക്കൊപ്പം കത്തിവെച്ചിരിക്കു മ്പോൾ മമ്മി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ശിൽപയും രഞ്ജു ചേച്ചീം ബുഷ്‌റയും മമ്മിക്കൊപ്പം കൂടിക്കഴിഞ്ഞിരുന്നു. രാവിലെ വരുമെന്ന് പറഞ്ഞതുകൊണ്ട് കപ്പയും ഇറച്ചിയുമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുകയായിരുന്നു അവർ. എത്തിയപ്പോ സമയം ഉച്ച ആയെങ്കിലും അത് കഴിച്ചുതീർക്കാതെ ഇനി പച്ചവെള്ളം പോലും തരില്ലാന്ന് ശിൽപ കാട്ടായം പറഞ്ഞു. അങ്ങനെ ആദ്യത്തെ വെട്ടൽ കഴിഞ്ഞ് ഞങ്ങൾ വീടിനുമുന്നിലുള്ള പാറയിലേക്ക് പോയി.

നല്ല ബെസ്റ്റ് ലൊക്കേഷൻ..! ഷൂട്ടിംഗിന് ഒക്കെ പറ്റിയ, കാണാനും ആസ്വദിക്കാനും അനുഭവിക്കാനും ഒക്കെ ഒരുപാടുള്ള അടിപൊളി സ്ഥലം. ടൂറിസം പദ്ധതികളൊക്കെ വരുന്നുണ്ട് എന്ന് മുമ്പെപ്പോളോ അവൾ പറഞ്ഞപ്പോ തള്ള് തള്ള് എന്നുപറഞ്ഞ് കളിയാക്കി ഞങ്ങൾ. ഈ കാഴ്ച അവളുടെ മധുര പ്രതികാരമാണ്. പിന്നീടങ്ങോട്ട് എപ്പോളൊക്കെ ഞങ്ങൾ കാറ്റുള്ളമലയെ പൊക്കിയടിച്ചോ അപ്പോളൊക്കെ ഇതാവർത്തിച്ചു.
ഓഫീസീന്ന് അടിച്ചുമാറ്റിക്കൊണ്ടുവന്ന ക്യാമറയ്ക്ക് ഇവിടുന്നങ്ങോട്ട് വിശ്രമമുണ്ടാവില്ലാന്ന് കാറ്റുള്ളമലയിലെത്തിയപ്പോഴെ ഞങ്ങൾ ക്കുറപ്പായി. ഒറ്റയ്ക്കും തെറ്റയ്ക്കും കുറേ ക്ലിക്കുകൾ. ക്യാമറാമേനോൻ സ്ഥിരം ആളുതന്നെ - നിതിനേട്ടൻ. നമ്മുടെ ടീമിന്റെ ഒരു ഫോട്ടോ എന്ന് പറഞ്ഞ് കൂടെയുള്ളവർ അലമ്പാക്കുമ്പോൾ മാത്രം ക്യാമറ ശിൽപയുടെ അനുജനെ ഏൽപിച്ച് മൂപ്പർ ഫോട്ടോയ്‌ക്കെത്തും; എന്നിട്ടൊരു ഡയലോഗും - എനിക്ക് ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനാ ഇഷ്ടം.
ഫോട്ടോ ഷൂട്ടിന്റെ ക്ഷീണത്തിൽ പാറയിൽ ഇരിക്കു മ്പോൾ അടുത്ത മലകയറ്റ ത്തിന്റെ പ്ലാൻ തുടങ്ങി. ഒരു 2 കി.മീ. കൂടി മല കയറിയാൽ കോഴി ക്കോട് ജില്ലയിലെ ഏറ്റവും വലിയ മലയുടെ മുകളി ലെത്താം എന്നൊ ക്കെ പറഞ്ഞപ്പോൾ ഒരു ആവേശം. പക്ഷേ, കഴുത്തറ്റം ഭക്ഷണം കഴിച്ചതിന്റെ ഹാങ് ഓവർ മാറാതെ കേറാനും പറ്റില്ലല്ലോ. 4 മണിയാകുമ്പോളേക്ക് തിരിച്ചു പോകണം എന്നുപറഞ്ഞ് രഞ്ജു ചേച്ചീം ബുഷ്‌റയും ബഹളവും തുടങ്ങി. വീട്ടിൽ ചെന്ന് കുറച്ച് നേരമിരുന്നിട്ട് പോവാം എന്നുറപ്പിച്ചു. ഞാനിനി എങ്ങോട്ടുമില്ല, കശുവണ്ടി ഒക്കെ ചുട്ട് തിന്ന് ഈ പാറയിൽ തന്നെ കൂടിക്കോളാം എന്ന് ഫായിസ്. പാറയോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ടണെന്ന് തെറ്റിദ്ധരിക്കല്ലേ, ആശാനിനി ഒരടി നടക്കാൻ വയ്യ, ആ മടികൊണ്ടാണ്. അവനെ അങ്ങനെ സുഖിക്കാൻ വിടാൻ ഞങ്ങളാരും തയ്യാറല്ലാത്തതുകൊണ്ട് ഫായിസിനെ രജിൻ ഏറ്റെടുത്തു - പിറകീന്ന് തള്ളിത്തരാം, നീയൊന്ന് നടന്നാൽ മതീന്നാണ് വാഗ്ദാനം. അങ്ങനെ ഒരു കുപ്പിയിൽ നിറയെ വെള്ളവും ഒരു കവറിൽ കുറച്ച് മാങ്ങാപ്പഴവുമായി ഞങ്ങൾ മലകയറ്റമാരംഭിച്ചു.

മൂന്നാം കാണ്ഡം - സുന്ദരകാണ്ഡം

ശിൽപയുടെ കുഞ്ഞനിയൻ അപ്പുക്കുട്ടൻ(ക്രിസ്പിൻ എന്ന് വിളിക്കുമ്പോ നാക്കുളുക്കാൻ സാധ്യതയുള്ളുകൊണ്ട് ഞങ്ങളും അങ്ങനെത്തന്നെ വിളിച്ചു) ആയിരുന്നു യാത്രയിലുടനീളം ഞങ്ങളുടെ രക്ഷാധികാരി. തുടക്കത്തിന്റെ ആവേശത്തിൽ കുറച്ച് കയറിയപ്പോഴേക്ക് ആദ്യത്തെ സൈറ്റ് എത്തി - മത്തൻകൊക്ക. വന്ന അതേ എണ്ണം തിരിച്ചുപോകുമ്പോഴും ഉണ്ടാവണം എന്നാഗ്രഹമുള്ളതുകൊണ്ട് ശ്രദ്ധിച്ചാണ് എല്ലാവരുടേയും നീക്കം, ഉയരത്തിനോട് പ്രണയമുള്ളവരും പേടിയുള്ളവരും പ്രത്യേകിച്ചും. 800 അടിയോളം ആഴമുള്ള കൊക്കയാണ് കൺമുമ്പിൽ. ചുറ്റും പച്ച പുതപ്പിനടിൽ മൂടിപ്പുതച്ചുറങ്ങുന്ന കോഴിക്കോട് ജില്ല. കാറ്റുള്ളമലയുടെ കാറ്റ് ശരിക്കൊന്ന് കളി പറഞ്ഞത് അവിടുന്നാണ്. അതുവരെ കുന്നുകയറിയതിന്റെ ക്ഷീണമൊക്കെ കാറ്റ് കട്ടുകൊണ്ടുപോയി. തിരിച്ചുകിട്ടിയ ആവേശത്തെ കൂട്ട് പിടിച്ച് അടുത്ത സ്ഥലത്തേയ്ക്ക്.
A click hugging the wild  vines. Fringe of the swire

നാട്ടിൻപുറത്തിന്റെ എല്ലാ ആനുകൂല്യ ങ്ങളും അനുഭവിച്ചാണ് ഞങ്ങളുടെ യാത്ര. ചാമ്പയ്ക്കയും മാങ്ങയും എല്ലാം സുലഭമായ നാട്ടുവഴി. പറയ്ക്കുന്നു, തിന്നുന്നു... ചാമ്പയ്ക്കയിൽ പുഴുവുണ്ടെന്ന് പറഞ്ഞ് നിരുത്സാ ഹപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടി യും റെഡിയാണ് - ഓ... കുഴപ്പമില്ലെന്നെ, പഴങ്ങളിലെ പുഴുവൊക്കെ നല്ലാതാന്നാ പറയ്വാ... വഴിയിൽ നാട്ടുകാരുടെ സ്‌നേഹാന്വേഷണം, നാടുകാണാൻ വന്ന കൂട്ടുകാരെന്ന പരിചയപ്പെടുത്തൽ. കാര്യം ഇങ്ങനൊക്കെയാണെങ്കിലും ഫായിസ്സിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി, രജിന്റെ കാര്യത്തിലും. അങ്ങനെ നിൽക്കുമ്പോളാണ് യാസിറിന്റെ അനൗൺസ്‌മെന്റ്. കിണർർർ..! 
Pure and Cool... Most tasty water we had during the trekking
കുപ്പിയിലെ വെള്ളം തീർന്ന് വലഞ്ഞിരിക്കുമ്പോഴാണിതെന്നോർക്കണം. നല്ല തണുത്ത വെള്ളം നല്ലോണം അകത്താക്കി തിരിഞ്ഞു നോക്കുമ്പോളാണ് താഴെ വടിയും കുത്തിപ്പിടിച്ച് നിൽക്കുന്ന ഫായി സ്സിനെ കണ്ടത്. ഉണക്കമീൻ കാട്ടി പൂച്ചയെ വിളിക്കുന്നത് മനസിൽ ധ്യാനിച്ച് എല്ലാരും ഫായിസിനെ വിളിച്ചു - വെള്ളം കുടിക്കാൻ.
റോഡിൽ നിന്ന് മാറി കാടുകയറിത്തുടങ്ങി ഞങ്ങൾ - ഒരു ഗുഹയിലേക്കാണ്, കളപ്പുര അള്ള് എന്ന് ഓമനപ്പേര്. 
The small opening seen in the click marks the doorway into the cave
കുറച്ച് ഉള്ളിലേയ്ക്ക് കയറാം. പിന്നെയും ഉള്ളിലേക്ക് കടക്കണേൽ പട്ടാളത്തെപോലെ കൈമുട്ടിലിഴണം. കൂട്ടത്തിൽ സാഹസികരെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ ഗുഹയുടെ വശങ്ങളിലൂടെ മുകളിലേക്കു കയറി, ബാക്കിയുള്ളവർ തിരിച്ച് റോഡ് വഴിയും.
അങ്ങനെ കാടുകയറിയവരാണ് കറിവേപ്പിൻ കാട് കണ്ട് പിടിച്ചത്. ഒരു വലിയ കറിവേപ്പിൻ മരവും ചുറ്റും എണ്ണമറ്റ തൈകളും. സംഭവമറിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന കുടുംബിനികളും പട്ടണവാസികളും സടകുടഞ്ഞെഴുന്നേറ്റു. പിന്നെ അവിടെയൊരു യുദ്ധമായിരുന്നു. വേണ്ടത്ര കറിവേപ്പും തൈയ്യും ഒക്കെ പിടിച്ച് കാടിറങ്ങിവരുന്ന യാസിറിനേയും രജിനേം രഞ്ജുചേച്ചീനേം കണ്ടപ്പോൾ ഞങ്ങൾക്ക് ബാംബൂ ബോയ്‌സിനെയാണ് ഓർമ്മവന്നത്. 
Bamboo Boys- Part Two (Rajin & Ranjula)
പിന്നീടങ്ങോട്ടുള്ള യാത്രയിൽ മാങ്ങയും കുപ്പിയും കറിവേപ്പിലയുമെല്ലാം കൈകൾമാറി ഞങ്ങൾക്കൊപ്പം മലകയറി.

നാലാം കാണ്ഡം - സ്മരണകാണ്ഡം

ഇപ്പ ശര്യാക്കിത്തരാം...
മെയ്തീനേ... ആ ചെറ്യേ ചെറിയേ സ്പാനറിങ്ങട്ടെട്ക്കീ...
വെള്ളാനകളുടെ നാട്ടിലെ ഈ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. 4 മണിയാകുമ്പോഴേക്കും പോകണം എന്ന ചേച്ചീടെ ആഗ്രഹത്തെ കാറ്റിൽ പറത്തിയായിരുന്നു ഞങ്ങളുടെ നീക്കം. ഇനി എവിടേം താമസിക്കാതെ നേരെ മലമുകളിലേക്ക് വെച്ചുപിടിച്ചാലേ ഒരു 6 മണിക്കെങ്കിലും ഇറങ്ങാൻ പറ്റൂന്ന് അപ്പുക്കുട്ടൻ പറഞ്ഞതനുസരിച്ച് പരാമാവധി വേഗത്തിൽ മല കയറുകയാണ് ഞങ്ങൾ.
The saga continues...
 എല്ലാവരും തന്നെ സൈഡായി എന്ന് വേണം പറയാൻ. പക്ഷേ യാസിറിനു മാത്രം ഒരു കുലുക്കവുമില്ല. എക്‌സ്പ്രസ് വിട്ടതുപോലെ മുന്നിലോടുന്നു, ഞങ്ങളെ കാണാതാവുമ്പോ തിരിച്ചുവന്നു നോക്കുന്നു, പിന്നേം പോകുന്നു. അശോകനു ക്ഷീണാമാവാം എന്ന് ഞങ്ങളവനെ ഇടക്കിടെ ഓർമിപ്പിച്ചു. തനി കാട്ടുവാസിയുടെ ലക്ഷണങ്ങൾ കാണിച്ചത് ശിൽപയാണ്, വഴിയരികിൽ കണ്ട ചെടികളിൽ നിന്ന് എന്തൊക്കെയോ പറിച്ചെടുക്കുന്നു, തിന്നുന്നു, കൂടെ തിന്നാൻ ഞങ്ങളേയും പ്രലോഭിപ്പിക്കുന്നു. 

The wild girl Silpa
ആദ്യമൊക്കെ ചത്തുപോകുമെന്നും പറഞ്ഞ് എതിർത്തെങ്കിലും പിന്നീടെപ്പോഴോ ഞങ്ങളും അതൊക്കെ ട്രൈ ചെയ്തു. സംഭവം കൊള്ളാം, ഒന്നുമില്ലെങ്കിലും അമ്മയും അച്ഛനും ഒക്കെ 'പണ്ട് ഞങ്ങൾ അങ്ങനെയായിരുന്നു' എന്നൊക്കെ കഥ പറഞ്ഞുതുടങ്ങുമ്പോൾ  ഞങ്ങൾക്കും പറയാലോ...
യാസിറിനേം ശിൽപേനേം കളിയാക്കി കിട്ടിയ എനർജിയിൽ അങ്ങനെ നടക്കുമ്പോളാണ് പിന്നീന്ന് ഫായിസിന്റെ ദീന രോദനം - അപ്പുക്കുട്ടാ... ഇനി എന്തോരം പോകാനുണ്ട്? കുറച്ചൂടിയെ ഉള്ളൂ, ദാ ഇപ്പോ എത്തും. 
The picture says it all..! Rajin and Fayis
ആ മറുപടി പക്ഷേ കുതിരവട്ടം പപ്പൂന്റെ 'ഇപ്പ ശര്യാക്കിത്തരാം...' പോലാരുന്നൂന്ന് പിന്നെയാ മനസ്സിലായത്. ഒരോ പത്തു മിനിറ്റിലും അവശ ശബ്ദങ്ങൾ അപ്പൂനോട് ഇതേ ചോദ്യം ചോദിക്കും, ഒരു കരുണയുമില്ലാതെ അവനിതേ ഉത്തരം ആവർത്തിക്കും. പിന്നെ ഓരോ ഉഡായിപ്പ് മത്സരങ്ങളായി. ചെറിയ കുന്നുകൾ രണ്ടുപേരു വീതം മത്സരിച്ചോടിക്കയറും. മുകളിലെത്തി 'ചത്തേ ചതഞ്ഞേ' എന്നു പറഞ്ഞുനിൽക്കുന്ന അവശകലാകാരന്മാരുടെ ഫോട്ടോ നിതിനേട്ടൻ താഴേന്ന് എടുക്കും. പക്ഷേ, തൊട്ടുപിറകിൽ ഒരു കുര കേട്ടപ്പോളാണ് ഞങ്ങളുടെ ഈ കലാപരിപാടി ഇഷ്ടപ്പെടാത്ത ചിലരും ആ പരിസരത്തുണ്ടായിരുന്നൂന്ന് മനസിലായത്. ക്യാപ്റ്റൻ രാജൂന്റെ സൈസിൽ ഒരു പട്ടി, ലക്ഷ്യം നിതിനേട്ടാണ്. ആദ്യകാഴ്ചയിലേ നിതിനേട്ടന്റെ കിളി പറന്നൂന്ന് പ്രത്യേകം പറയണോ? പിന്നാലെ വന്ന കൂറ്റൻ ഐറ്റംസിനെയൊന്നും നിതിനേട്ടൻ കണ്ടില്ല, ഞങ്ങൾ കണ്ടു, ഞങ്ങളേ കണ്ടുള്ളൂ... എങ്ങനെയോ കൈച്ചിലായീന്ന് പറഞ്ഞാൽ മതീലോ... പപ്പുചേട്ടൻ അനുസ്മരണം സീസൺ 1, 2, 3 ഒക്കെ കഴിഞ്ഞ് ഞങ്ങളവിടെയെത്തി - കാറ്റുള്ളമലയുടെ നിറുകയിൽ.
A view of Usha Sports School, from the top of Kattullamala
വിശ്രമം, ഫോട്ടോ ഷൂട്ട്, ധ്യാനം, മാമ്പഴം തീറ്റ, കത്തിവെക്കൽ... സീൻ അങ്ങനെ അടിച്ചുപൊളിക്കുമ്പോളാണ് ഫായിലിന്റെ ആ മാസ്സ് ചോദ്യം - ഒരു മാങ്ങ തിന്നാനാണോ ഈ മല മുഴുവൻ കയറിയത്? ജീവിതത്തിൽ ആദ്യമായി ഇത്ര വലിയ മല നടന്നുകയറിയതിന്റെ കലിപ്പ് അടങ്ങീട്ടില്ല അവന്.
 പകച്ചുപോയി എല്ലാരും. പിന്നെ ഫായിസിനുള്ള മറുപടികളായിരുന്നു - കാറ്റ്, പ്രകൃതി, ശൂദ്ധ വായു, ആരോഗ്യം, മലകയറിയതിന്റെ ക്രഡിറ്റ്, അങ്ങനെ പലതും.
Nithin, relieving the tensions of project manager and enjoying the breeze

മലയിറക്കം വളരെ പെട്ടന്നായിരുന്നു. മുട്ടിച്ചെരിപ്പും പാർട്ടിവെയറുമിട്ട് ട്രക്കിംഗിനു വന്ന ചേച്ചിയും മലയോടു സുല്ലിട്ട ബുഷ്‌റയുമാണ് മുന്നിലോടിയത്. തിരിച്ചിറങ്ങുമ്പോൾ രജിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന റിപ്പോർട്ടർ ഉണർന്നെഴുന്നേറ്റു. ചോദ്യങ്ങൾ, ഉത്തരങ്ങൾ... ഇറക്കമാണല്ലോ എന്നോർത്ത് സമാധാനിക്കുമ്പോൾ ഇടയ്ക്ക് ഓരോ കയറ്റങ്ങൾ പ്രത്യക്ഷപ്പെടും. എന്നാലും കയറിയതിനേക്കാളും രസകരമായ വഴിയിലൂടെയായിരുന്നു തിരികെയുള്ള യാത്ര.
Way down the hill
 ജിമ്മന്മാരുടെ കട്ട കാണുമ്പോ എന്റെ മസിലൊക്കെ എവിടെയാണെന്നോർത്ത് അത്ഭുത പ്പെട്ടിട്ടുണ്ട്‌ മുമ്പ്. ഞങ്ങളിവടെയുണ്ടെന്ന് ഒരു മറുപടി കിട്ടാൻ ഈ മല കേറേണ്ടി വന്നൂ ഞങ്ങളിൽ പലർക്കും. നല്ല മസിൽ പെയ്ൻ. നാളെയാകുമ്പോഴേക്കും കാലിന്റെ കാര്യത്തിൽ തീരുമാനമാകും.
Models turned techies..! Way back to Silpa's home


തിരികെ ശിൽപേടെ വീട്ടിലെത്തിയപ്പോൾ സമയം 5.30 കഴിഞ്ഞു. ചേച്ചീം ബു്ഷ്‌റയും മടങ്ങാൻ വൈകുന്നതിന്റെ ടെൻഷനിലാണ്. പിന്നെ ഒന്നും നോക്കീല, ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചു പോകാനുള്ള തയ്യാറെടുപ്പാരംഭിച്ചു. കടച്ചക്ക,ജാതിക്ക, കൊക്കോ,മാങ്ങ, ചാമ്പയ്ക്ക തുടങ്ങി കുറച്ച് നാടൻ ഐറ്റംസും ഞങ്ങൾക്കൊപ്പം ജീപ്പിൽ കയറി. വിൽസൻ ചേട്ടന്റെ ഒപ്പം താഴേയ്ക്കുള്ള യാത്ര കഴിഞ്ഞപ്പോ വീഗാലാൻഡിലെ ഏതോ റൈഡ് കഴിഞ്ഞിറങ്ങിയ പ്രതീതിയായിരുന്നു, മൂപ്പർ നല്ല ഒന്നാന്തരം ഡ്രൈവർ ആയതുകൊണ്ട് ജീവനോടെയെത്തി. ഞങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ ഒക്കെ കേട്ട് വിൽസൻ ചേട്ടൻ പറഞ്ഞു - അതെ, ഇവിടെ ഓഫ് റോഡ് റൈഡേഴ്‌സിനും പ്രിയപ്പെട്ട ഇടമാണ്, അത്തരം യുവാക്കളുടെ സംഘങ്ങൾ കാറ്റുള്ളമല തേടിയെത്താറുണ്ട്. അങ്ങനെ കാറ്റുള്ളമലയോട് യാത്ര പറഞ്ഞ് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.

രജിനേം ബുഷ്‌റേനേം ബാലൂശ്ശേരിയിൽ തട്ടി യാത്ര തുടർന്നു. കുമാരസ്വാമിയിൽ എത്തി ചേച്ചിയെ കൊണ്ടാക്കാൻ തിരിച്ചപ്പോളാണ് വണ്ടി കൈവിട്ടുപോയ കാര്യം തസ്‌നീമിന് ബോധ്യാമായത്. ഒതുക്കിനിർത്തി പരിശോധന. എല്ലാവരും വന്ന് തലയിട്ടുനോക്കി വണ്ടിക്കസുഖമാണെന്ന് വിധിയെഴുതി. റേഡിയേറ്ററിന് കുറച്ച് വെള്ളം കൊടുത്തപ്പോൾ പരിഹാരമായി. പക്ഷെ, ഒരു പെരുവയറനെപ്പോലെ റേഡിയേറ്റർ വെള്ളമകത്താക്കിക്കൊണ്ടിരുന്നു. അവിടെത്തുടങ്ങി കളി. വണ്ടി നിക്കുന്നൂ, വഴിയരികിലെ വീട്ടിലെത്തി വെള്ളമൊപ്പിക്കുന്നു, ഒഴിക്കുന്നു, തള്ളുന്നു, സ്റ്റാർട്ടാകുന്നൂ... പക്ഷേ, ഈ യാത്രയ്ക്ക് ഒരു സുഖമുണ്ട്, ഈ തുടക്കം മുതൽ ഒടുക്കം വരെ സാഹസികത നിറഞ്ഞ കാറ്റുള്ളമല യാത്രയ്ക്ക്, ഞങ്ങളെ സഹയാത്രികരാക്കിയ ആദ്യയാത്രയുടെ സുഖം..!


No comments:

Post a Comment

Blood Donation| Things to Know| Ziventure Technologies on Blood Donors Day

Ever donated blood? You might have, at least in your college days. Finding the needy, or visiting the hospital as a volunteer donor, t...